Kerala
പരവൂർ: ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ഗുണനിലവാരമില്ലാത്തതും പഴകിയതുമായ മുട്ടകൾ വിൽക്കുന്നുവെന്ന ഉപഭോക്തൃ പരാതികളിൽ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ.
പ്രമുഖ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ‘ബ്ലിങ്കിറ്റി’നോട് വിഷയത്തിൽ അടിയന്തരമായി വിശദീകരണം തേടി അഥോറിറ്റി കത്തയച്ചു. സോഷ്യൽ മീഡിയയിലൂടെ ഉയർന്നുവന്ന പരാതികളുടെ അടിസ്ഥാനത്തിൽ സ്വമേധയയണ് ഇടപെടൽ.
ഓൺലൈൻ വഴി വാങ്ങുന്ന മുട്ടകൾക്കു കടുത്ത ദുർഗന്ധമുണ്ടെന്നും വേവിച്ചു കഴിയുമ്പോൾ റബർ പോലുള്ള ഘടനയാണെന്നുമാണ് ഉപഭോക്താക്കൾ പരാതിപ്പെട്ടത്. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരത്തിലും സുരക്ഷയിലും വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നു വ്യക്തമാക്കിയ എഫ്എസ്എസ്എഐ, പരാതികളെക്കുറിച്ച് ഒരാഴ്ചയ്ക്കുള്ളിൽ വിശദമായ നടപടി റിപ്പോർട്ട് സമർപ്പിക്കാൻ കമ്പനിക്കു നിർദേശം നൽകിയിട്ടുണ്ട്.
ലൈസൻസ് ഇല്ലാത്തവർക്ക് വിലക്ക്
ഇ-കൊമേഴ്സ് ഭക്ഷ്യ വിതരണ രംഗത്തെ വളർച്ച കണക്കിലെടുത്ത് 2020ലെ ലേബലിംഗ് ആൻഡ് ഡിസ്പ്ലേ നിയമങ്ങൾ കർശനമായി പാലിക്കാൻ എല്ലാ കമ്പനികളും ബാധ്യസ്ഥരാണെന്ന് അഥോറിറ്റി ഓർമിപ്പിച്ചു. കൃത്യമായ എഫ്എസ്എസ്എഐ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത ഒരു വില്പനക്കാരനെയും പ്ലാറ്റ്ഫോമുകളിൽ അനുവദിക്കരുത്. ഓൺലൈനിൽ നൽകുന്ന പരസ്യങ്ങളിലെ അവകാശവാദങ്ങൾ ഉത്പന്നത്തിന്റെ ലേബലിലുള്ള വിവരങ്ങളുമായി പൂർണമായും ഒത്തുപോകണമെന്നും നിർദേശമുണ്ട്.
ഗുണനിലവാരം എങ്ങനെ അറിയാം?
മുറിയിലെ സാധാരണ താപനിലയിൽ ഇട്ടതിനുശേഷം 10-12 ദിവസം വരെ മുട്ടകൾ കേടുകൂടാതെ ഇരിക്കും. താപനില ഉയർന്നാൽ മുട്ടയുടെ ആയുസ് കുറയും. വീട്ടിലെത്തിച്ചാൽ മുട്ടകൾ റഫ്രിജറേറ്ററിലെ പ്രത്യേക ഷെൽഫുകളിലോ മുട്ടപ്പെട്ടികളിലോ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്.
എങ്ങനെ പരിശോധിക്കാം?
ഒരു പാത്രത്തിൽ വെള്ളമെടുത്ത് മുട്ട അതിൽ മുക്കി നോക്കി ഗുണനിലവാരം എളുപ്പത്തിൽ കണ്ടെത്താം.
പുതിയ മുട്ട: വെള്ളത്തിന്റെ അടിത്തട്ടിൽ ചെരിഞ്ഞു കിടക്കും.
അല്പം പഴകിയത്: ഒരു വശം അടിത്തട്ടിൽ മുട്ടി നേരേ നിൽക്കും.
ചീഞ്ഞ മുട്ട: വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കും. (മുട്ട പഴകുന്തോറും ഉള്ളിലെ വായു അറ വലുതാകുന്നതിനാലാണ് ഇതു പൊങ്ങിക്കിടക്കുന്നത്.
District News
അരുവിത്തുറ: കോട്ടയം ജില്ലയിൽ പാചക രംഗത്ത് ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്കായി അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പൂഞ്ഞാർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ നവീൻ ജെയിംസ് നിർവഹിച്ചു.
കോളജ് പ്രിൻസിപ്പാൾ പ്രഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ചു. ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ വർക്കിംഗ് പ്രസിഡന്റ് ബിജോയി തോമസ്, ജില്ലാ സെക്രട്ടറി ഷാഹുൽ ഹമീദ്, സംസ്ഥാന കമ്മിറ്റി അംഗം ബിബിൻ കെ. ജോർജ്. ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ ഭാരവാഹികളായ അജീഷ് വേലനിലം, റവ.ഫാ. ജെയ്മോൻ, പ്രോഗ്രാം കോഓർഡിനേറ്റർ ബിൻസ് തോമസ് തുടങ്ങിയവർ സംസാരിച്ചു.
ഹിന്ദി ഭാഷയിൽ സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് കോളജിലെ ഫുഡ് സയൻസ് വിദ്യാർഥികളായ പ്രയ്സി സാം, എസ്.ആർ. മൈഥലി എന്നിവർ നേതൃത്വം നൽകി. പരിപാടിയോടനുബന്ധിച്ച് കോളജിലെ ഫുഡ് സയൻസ് വിദ്യാർഥി അഗസ്റ്റ്യൻ വിവർത്തനം ചെയ്ത ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് ആക്ട് ഷെഡ്യൂൾ ഫോറിന്റെ പ്രകാശന കർമം നടന്നു.
പരിശീലന പരിപാടി പൂർത്തിയാക്കിയ ഇതരസംസ്ഥാന തൊഴിലാളികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി. ഭക്ഷ്യസുരക്ഷാരംഗത്ത് നിർണായക സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു.
District News
പത്തനംതിട്ട: ആരോഗ്യ വകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റേയും സംയുക്ത പരിശോധനയില്‍ ജില്ലയിലെ 48 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. 10 ആരോഗ്യ ബ്ലോക്കുകളിലായി 168 സ്ഥാപനങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരേ ലംഘനത്തിന്റെ ഗൗരവമനുസരിച്ച് ബോധവത്കരണം, അടച്ചുപൂട്ടുന്നത് ഉള്‍പ്പടെയുളള കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതാ കുമാരി അറിയിച്ചു.
ഭക്ഷണ ശാലകള്‍, ബേക്കറികള്‍, മറ്റ് ഭക്ഷ്യ വിതരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജീവനക്കാര്‍ വ്യക്തിശുചിത്വവും, പരിസരശുചിത്വവും പാലിക്കണം. അംഗീകാരമുളള ഡോക്ടര്‍ നേരിട്ടുകണ്ട് പരിശോധന നടത്തി നല്കുന്ന ഹെല്‍ത്ത് കാര്‍ഡുകള്‍ മാത്രമേ പരിഗണിക്കുകയുളളൂ.
ചാത്തങ്കരിയില്‍ അടുക്കള വൃത്തിയായി സൂക്ഷിക്കാത്ത സ്ഥാപനം താത്കാലികമായി അടച്ചു. പുകയില നിയന്ത്രണ നിയമം പാലിക്കാത്ത 14 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 2800 രൂപ പിഴ ഈടാക്കുകയും ചെയ്തു.
നോട്ടീസ് കാലാവധിക്കുളളില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാത്ത പക്ഷം കര്‍ശന നടപടി സ്വീകരിക്കും. ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളുടേയും പരിധിയിലുള്ള കടകളിലും സ്ഥാപനങ്ങളിലും നിയമാനുസൃത പരിശോധന തുടര്‍ച്ചയായി നടത്തുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.